Monday, July 12, 2010

എന്‍റെ ലോകകപ്പ്‌ കാഴ്ചകള്‍

അങ്ങനെ ഒരു ഫുട്ബാള്‍ ലോകകപ്പ്‌ കൂടി അരങ്ങൊഴിയുന്നു.അമ്പലത്തില്‍ ഉത്സവം തീര്‍ന്നിട്ടു പിറ്റേന്ന് ഉണര്‍ന്നു കാണുമ്പോള്‍ തോന്നുന്ന നഷ്ടബോധം ..തലേന്നു വരെ ചെവിയില്‍ ആര്‍ത്തലച്ച ശബ്ദം പതിയെ ദൂരേക്ക്‌ പോകുന്നു .പ്രവാസലോകത്തിലെ ആദ്യ ലോകകപ്പ്‌ ..ഇനി എത്രയെണ്ണം ഇങ്ങനെ കാണേണ്ടി വരും എന്നത് ഒരു കൌതുകകരമായ ആലോചനയാണ് .64 കളികളില്‍ ഏകദേശം 15 കളികള്‍ ഒഴികെ എല്ലാത്തിലും ശ്രദ്ധ വെക്കാന്‍ കഴിഞ്ഞു,.പ്രതിശ്രുത വധുവിന്‍റെ പരിഭവം പലപ്പോഴും ഫുട്ബാളിനു മേല്‍ ശാപമായി പതിച്ചപ്പോഴും കളിയെ കൈവിടാന്‍ തോന്നിയില്ല.പക്ഷെ ഒടുവില്‍ ആവേശം അവളും ഏറ്റെടുത്ത പ്പോളാണ് ഈ കാല്പന്തുകളിക്ക് ഇത്രയേറെ ആവേശം ഉണ്ടാക്കാന്‍ കഴിയുമെന്ന് മനസ്സിലായത്..ഒരു കളി പോലും കാണാതെ ഫൈനലിനു സ്പെയിന്‍ ജയിക്കുമെന്ന് പറഞ്ഞു 1000 റിയാല്‍ പന്തയം വെച്ച ഒരു നാട്ടുകാരന്‍ സ്പെയിന്‍ എന്തുകൊണ്ട് ജയിക്കും എന്നു പറഞ്ഞു തര്‍ക്കിച്ചപ്പോള്‍ അമ്പരപ്പ് എനിക്കും എന്‍റെ സുഹൃത്തിനുമായിരുന്നു.
സ്പെയിന്‍ ഒടുവില്‍ കളിയും കപ്പും ആരവവും എല്ലാം സ്വന്തം പേരിലാക്കി ആന്ദ്രെ ഇനിയെസ്റ്റ 116 മത്തെ മിനുട്ട് തന്‍റെതാക്കി .ആദ്യകളി തോറ്റിട്ടും സ്പെയിനിനെ വിശ്വസിച്ചു കൂടെ കൂടിയ ആരാധകര്‍ക്ക് ഇതു അല്‍പ്പം അഹങ്കാരം കൂടെ ചേര്‍ത്ത് ആഹ്ലാദിക്കാം ..കാളക്കൂറ്റന്‍ മാരുടെ നാട്ടുകാര്‍ കപ്പു ചേര്‍ത്ത് വെച്ചപ്പോള്‍ മാറിയത് കുറെ ചരിത്രമാണ് .ആദ്യകളി തോറ്റവര്‍ ഫൈനല്‍ കളിക്കുന്നു..യുറോ കപ്പു ചാമ്പ്യന്‍ മാരായി വന്നവര്‍ കപ് നേടുന്നു..വിടാതെ പിന്തുടര്‍ന്ന നിര്‍ഭാഗ്യത്തിനെ അവര്‍ ഒഴിവാക്കുന്നു.എല്ലാറ്റിനുമൊടുവില്‍ തുടക്കം മുതല്‍ നിസ്സംഗത കൈവിടാതെ നിന്ന കോച്ചും ഇല്ലായ്മയുടെ വല്ലായ്മയില്‍ നിന്നും പിറന്ന സുന്ദരന്‍ വിയ്യയും ലോകത്തെ സ്നേഹാദരങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങുന്നു..
ഈ ലോകകപ്പിലെ വിജയങ്ങളിലൊന്നും അത്രയധികം വലിയ ആവേശമൊന്നും സ്പെയിന്‍ നല്‍കിയതായി തോന്നുന്നില്ല .ജയങ്ങളിലധികവും ഒറ്റ ഗോളില്‍ തൂങ്ങി .എങ്കിലും ഗോളടിക്കാനുള്ള പിശുക്ക് പോലെ തന്നെ ഗോള്‍ വഴങ്ങാനും അവര്‍ പിശുക്ക് കാട്ടി എന്നതും ശ്രദ്ധേയമായി .എങ്കിലും വിയ്യ തിളങ്ങി നില്‍ക്കുന്നു..മൈതാനത്തിന്‍റെ മധ്യത്തു നിന്നും ഹോണ്ടുറാസ് ഗോള്‍ കീപ്പറെ കബളിപ്പിച്ചു തൊടുത്ത കിക്ക് ,വിയ്യയുടെ മനസ്സ് പറഞ്ഞ വഴിയിലൂടെ പന്തു നേരെ ഗോള്‍പോസ്റ്റില്‍ ചെന്ന് വിശ്രമിക്കുന്ന കാഴ്ച ..ഒപ്പം ഒരു താരമായി വിയ്യ നടത്തിയ ആഹ്ലാദം .ഗാലറികളെ അഭിവാദ്യം ചെയ്തുള്ള ചലനങ്ങള്‍ ..അല്‍പ്പം അസൂയ തോന്നിയോ എന്നു സംശയം ..!!!!!!!
ഹോളണ്ടിനെ പറ്റി പറയാന്‍ തുടങ്ങുമ്പോള്‍ ഒരു നിരവികാരത .അവര്‍ ടോട്ടല്‍ ഫുട്ബാള്‍ കളിക്കുന്നവര്‍ ആണെന്നും ഇപ്പോള്‍ അതു കളിക്കുന്നില്ല എന്നുമൊക്കെയുള്ള പരാമര്‍ശങ്ങള്‍ കേള്‍ക്കുന്നു.പ്രിയപ്പെട്ട അര്‍ജെന്റിന യുടെ വൈരികള്‍ ആയ ബ്രസീലിനെ തോല്‍പ്പിച്ചു എന്നത് കേട്ടപ്പോള്‍ അല്‍പ്പം മതിപ്പ് തോന്നി ഒരു ആരാധനയ്ക്ക് അതു ഇട നല്‍കിയില്ല,,കൂടാതെ ഫൈനല്‍ കളിയുടെ ആദ്യ വിസിലിനോപ്പം വാന്‍ പേഴ്സി തുടങ്ങി വെച്ച ചവിട്ടും തൊഴിയും ഉള്ള താല്‍പര്യവും ഇല്ലാതാക്കി..എങ്കിലും ഹോളണ്ട് ജയിക്കണം എന്നായിരുന്നു ആഗ്രഹം ,നീരാളി യുടെ പറഞ്ഞാല്‍ പറഞ്ഞതു തന്നെ എന്നത് കൊണ്ടു എങ്ങനെയെങ്കിലും അതു പൊളിഞ്ഞാല്‍ കൊള്ളാം എന്നൊരാഗ്രഹമായിരുന്നു വിജയി ആരെന്ന റിഞ്ഞിട്ടു ആ മത്സരം കാണുന്നതില്‍ പിന്നെ എന്തു ആവേശം ..അടുത്ത ലോക കപ്പിലെങ്കിലും ഇത്തരം പ്രവചനങ്ങള്‍ നിയന്ത്രിക്കാനോ..മത്സരം കഴിയുന്നവരെ അടക്കി വെക്കണോ ഫിഫ ക്കു കഴിയുമോ.ഒടുവില്‍ സ്പെയിന്‍ തന്നെ ജയിച്ചു..റോബനും സ്നൈഡറും കണ്ണീര്‍ വാര്‍ക്കുന്നത് കണ്ടപ്പോള്‍ അതില്‍ അപ്രതീക്ഷിതമായി ഒന്നും തോന്നിയില്ല ,അതൊരു അനിവാര്യത ആയിരുന്നു...
ഈ ലോക കപ്പിലെ എന്‍റെ പ്രിയപ്പെട്ട താരം ഡീഗോ ഫോര്‍ലാന്‍ ആണ് .ഒരു ശാന്തനായ ദുര്‍മന്ത്രവാദി എന്നു പറയുന്നത് വെറുതെയല്ല .ലൂസേര്‍സ് ഫൈനലില്‍ അവസാന മിനുട്ടില്‍ ബാറില്‍ തട്ടി തെറിച്ച കിക്ക് ...അതു കണ്ടു തരിച്ചു നിന്ന ഫോര്‍ലാന്‍. ഉറുഗായ്‌ അവരാണ് ഈ ലോകകപ്പിനെ അല്‍പ്പമെങ്കിലും ആവേശം കൊള്ളിച്ചത്..സുവാരസിന്റെ ദൈവത്തിന്‍റെ കൈ പ്രയോഗത്തില്‍ ശരി തെറ്റുകള്‍ ഇനിയും ചെകഞ്ഞെടുതുകൊണ്ടിരിക്കുന്നു .അല്ലെങ്കിലും ആ മത്സരഫലം
എത്ര നിര്‍ണായകമായിരുന്നു എന്നോര്‍ക്കുമ്പോള്‍ അതിന്‍റെ ശരിതെറ്റുകള്‍ പറഞ്ഞിട്ട് എന്താ ഉപയോഗം..
ഈ ലോക കപ്പുങ്കളിച്ച 32 ടീമുകളില്‍ എന്തെങ്കിലും ഒക്കെ ഓര്‍മ്മിക്കാന്‍ തരുന്ന ടീമുകള്‍ പകുതിയോളമേ വരുള്ളൂ, കളി കാണാന്‍ തുടങ്ങിയ കാലം മുതല്‍ തന്നെ എനിക്കു തന്നെ അജ്ഞാതമായ കാരണങ്ങള്‍ കൊണ്ടു തന്നെ ഇഷ്ടപെട്ട ടീമാണ് അര്‍ജെന്റിന.പക്ഷെ ഞാന്‍ കളി കണ്ട ലോക കപ്പുകളില്‍ ഒന്നു അവര്‍ സെമി കണ്ടിട്ടില്ല .ഇത്തവണയും മാറ്റമൊന്നുമില്ല..അതുകൊണ്ട് ആ ഇഷ്ടത്തിനും മാറ്റമില്ല.എങ്കിലും നാല് ഗോളുകളുടെ തോല്‍വി അതു അല്‍പ്പം കടുത്തുപോയി. .എങ്കിലും മെസ്സിയെക്കാള്‍ എനിക്കു പ്രിയപ്പെട്ട ടെവസ് മെക്സിക്കന്‍ നെഞ്ചു പിളര്‍ത്തി തൊടുത്ത കിക്ക് അതു ഈ ലോകകപ്പ്‌ എനിക്കു സ്വകാര്യമായി അഹങ്കരിക്കാന്‍ തന്നതാണ്..
പിന്നെ ഇഷ്ടം ജര്‍മനിയോട് ..പ്രത്യേകിച്ച് മുള്ളര്‍,ലോകകപ്പ്‌ ഏറ്റവും കനിഞ്ഞിട്ടുള്ളത് ജര്‍മനിയോടാണ് അതിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള എല്ലാ ശ്രമവും അവര്‍ നടത്തുന്നു..അതിനു അവര്‍ പ്രശംസ അര്‍ഹിക്കുകയും ചെയ്യുന്നു..മുള്ളര്‍ സെമി കളിച്ചിരുന്നു എങ്കില്‍ കളി മറ്റൊന്നായേനെ എന്നു ഞാന്‍ ചിന്തിക്കുന്നു..അതും ഒരു പക്ഷെ നീരാളിയുടെ നമ്പര്‍ ആയിരിക്കും...
അര്‍ജെന്റിനയോടുള്ള ഇഷ്ടം കൊണ്ടു ബ്രസീലിന്റെ ആരാധകര്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത അതു ബ്രസീലിനോടുള്ള അനിഷ്ടത്തിനും ഇടയാക്കുന്നു..എങ്കിലും മൈക്കണിന്റെ ഗോളും റോബീഞ്ഞോ യും അവരിലും ഇഷ്ടങ്ങള്‍ സൃഷ്ടിക്കുന്നു..
ഏറ്റവും നിരാശപെടുത്തിയത് ഇംഗ്ലണ്ട് ആണെന്ന് എല്ലാവരും
പറയുന്നു .പക്ഷെ എനിക്കു വലിയ ആശകള്‍ ഇല്ലാതിരുന്നതുകൊണ്ട്‌ അങ്ങനെ ഒരു തോന്നല്‍ ഇല്ല..എങ്കിലും രണ്ടു ഗോളിന് പുറകില്‍ നിന്നിട്ട് പിന്നെ മടങ്ങി വന്നു പൊരുതുകയും എന്നാല്‍ മണ്ടന്‍ റഫറിയുടെ ഗോള്‍ നിഷേധം കൊണ്ടു കളിയില്‍ നിന്ന് തന്നെ പിന്നോക്കം പോകേണ്ടി വന്നതും അല്‍പ്പം അനുകമ്പ ഉണ്ടാക്കുന്നു..
പിന്നെയും നിറയെ മുഹൂര്‍ത്തങ്ങള്‍ ,സ്വതവേ വലിയ ആരാധന ഇല്ലാത്തതു കൊണ്ടു ഇറ്റലി ,ഫ്രാന്‍സ് ഇവരൊക്കെ പോയത് വലിയ ചലങ്ങള്‍ തോന്നിപിച്ചില്ല..പിന്നെ റഫറിയുടെ പീഡ നങ്ങള്‍ക്ക് ഇരയയിട്ടും പൊരുതിയ അമേരിക്ക ,ഫ്രീക്കിക്കുകളിലൂടെ അതിശയിപിച്ച ജപ്പാന്‍ ,ഗ്രൗണ്ടില്‍ ഇറങ്ങി ആദ്യ പന്തു സ്പര്‍ശത്തില്‍ തന്നെ ഗോളടിച്ചു ഇറ്റലിയെ പുറത്താക്കിയ സ്ലോവാക്യക്കാരന്‍ ..ശബലാലയെയും വുവുസേലയും നല്‍കിയ ദക്ഷിണാഫ്രിക്ക ..വല നിറയെ ഗോളും കൊണ്ടു പോയ ഉത്തരകൊറിയ ..ദക്ഷിണകൊറിയ ..ഇങ്ങനെ കണ്ണില്‍ ഒന്നു ഉടക്കി പോയവര്‍ അനവധി..
ഇങ്ങനെയാണെങ്കിലും സമയം മെനക്കെടുത്തിയ കളികളും ഉണ്ടായിരുന്നു..ഇംഗ്ലണ്ട് ---അള്‍ജീരിയ ..കാമറൂണിന്റെ ചില കളികള്‍ ..ഗ്രീസ് അങ്ങനെയും ചില കളികള്‍..വിശദമായ കണക്കുകള്‍ക്ക്‌ നിറയെ സാധ്യതകള്‍ ഉള്ളപ്പോള്‍ ഈ ഓര്‍മയിലെ വാകുകള്‍ക്ക് ഇനിയും കൂട്ടി ചേര്‍ക്കലുകള്‍ ഉണ്ടാകാം,,ഒരുപക്ഷെ അടുത്ത ചിന്തയില്‍ പോലും,,,
ഗ്രൌണ്ടിലെ ആരവങ്ങള്‍ക്കൊപ്പം പ്രസിദ്ധി നേടിയ ജബുലാനി.വുവുസേല തുടങ്ങിയവയും ..പത്രങ്ങളില്‍ ബഫാന വാര്‍ത്തകള്‍ നിറച്ച റിപോര്‍ട്ടര്‍മാര്‍.ശ്രീ രാജീവ്,,ശ്രീ സുരേന്ദ്രന്‍,,പിന്നെ രസകരമായ വിശകനങ്ങലുമായി നിറഞ്ഞ കോച്ച് ചാത്തുണ്ണി..പിന്നെ തങ്ങളെ തോല്പിച്ച വരെ പുകഴ്ത്തി എഴുതാന്‍ വിധിക്കപെട്ട മറഡോണയും ദുംഗയും ..കൌതുകങ്ങള്‍ നിരവധി...
ഇനി ഇതിലും വലുതൊന്നു ബ്രസീലില്‍ 2014 കൊണ്ടു വരുമായിരിക്കും .മാറക്കാനയില്‍ ബ്രസീല്‍ -അര്‍ജെന്റിന ഫൈനല്‍ പ്രവചിച്ച സാക്ഷാല്‍ സോക്രടീസ് ..നമ്മള്‍ മലയാളികളും ലാറ്റിനമെരിക്കയെ മനസ്സില്‍ നിന്ന് കുടിയിറക്കി യുറോപ്പിയന്‍ ടീമുകളെ പ്രതിഷ്ടിക്കുന്നു..ഇതിനെ പ്രതിരോധിക്കാന്‍ ബ്രസീല്‍ ,അര്‍ജെന്റിന ടീമുകള്‍ക്ക് കഴിയട്ടെ എന്നു പ്രതീക്ഷിക്കാം ..
ഒരു മാസത്തെ ബഫാനക്ക് കൊടിയിറങ്ങിയപ്പോള്‍ കയ്യടി നേടുന്നത് ആഫ്രിക്കയും വുവുസേലയും ഒക്കെയാണെങ്കിലും എന്നെ ശല്യം ചെയ്യുന്നത് നീരാളിയാണ്..കളിയുടെ രസം കളയിക്കുന്ന ഒരിക്കലും പിഴക്കാതെ പ്രവചിക്കുന്ന നീരാളി......


No comments:

Post a Comment