Tuesday, May 28, 2013

ശ്രേഷ്ഠമലയാള ദിനത്തില്‍ ശ്രേഷ്ഠമായത്...

മലയാള ഭാഷ ഇന്ത്യയിലെ ശ്രേഷ്ടമായ അഞ്ചു ഭാഷകളിൽ  ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതിലെ സന്തോഷത്തിനു കൂടുതൽ തിളക്കം ആ പദവി കൈവന്നതിലൂടെ മലയാളഭാഷയുടെ  സംരക്ഷണം നടത്തുന്ന കമ്മറ്റിക്കാർക്ക്  നൂറു കോടി രൂപ ധനസഹായം കിട്ടും എന്നതാണ്. എന്തായാലും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് നമസ്കാരം പറയുന്നു,  കാരണം മേൽ പറഞ്ഞ , പദവി കൊടുക്കാൻ അധികാരമുള്ള ആൾക്കൂട്ടത്തിന് മുൻപിൽ മലയാളത്തിനു, നിയമം ആവശ്യപ്പെടുന്ന അത്രയും പഴക്കം തോന്നിപ്പിച്ചു, ആ ആൾക്കൂട്ടത്തിന്റെ ശ്രദ്ധ വേഗം  പതിയുന്ന പുതപ്പിൽ  മലയാളത്തെ പൊതിഞ്ഞു സമർപ്പിക്കാൻ വേണ്ടപ്പെട്ടവർ നടത്തിയ ശ്രമങ്ങളെ എന്റെ  മനസ്സിലുള്ള    പരിഹാസരസം കൊണ്ട് വില കുറച്ചു കാണാൻ ഞാൻ താല്പര്യപ്പെടുന്നില്ല. കാരണം അവരിൽ  ഭൂരിഭാഗം  പേർക്കും    ഈ ലക്‌ഷ്യം ഒരു വിലപ്പെട്ട  സ്വപ്നം കൂടിയായിരുന്നു . 

യാദൃശ്ചികമായിരിക്കാം, പ്രവാസി ജീവിതത്തിൽ തിളച്ചു  മറിഞ്ഞ സ്വദേശസ്നേഹവും , സ്വഭാഷാസ്നേഹവും ഇപ്പോൾ നാട്ടിലെ  മേടച്ചൂടിൽ പോലും തണുത്തുറഞ്ഞു കട്ടിയാകുന്നതു നോക്കി തരിച്ചിരിക്കെ, നിർബന്ധിതമായിരുന്നെങ്കിൽ കൂടി രാവിലെ വീട്ടിനടുത്തെ സർക്കാർ പള്ളിക്കൂടത്തിൽ , തല്പരകക്ഷികളോടൊപ്പം പുതു തലമുറ ആക്ടിവിസം കുടികൊള്ളുന്ന ഫേസ്ബുക്ക് കൂട്ടായ്മ യുടെ   വിലാസത്തിൽ ,  ഞങ്ങൾക്കീ നാട്ടിലെ ഈ പള്ളിക്കൂടം നിലനിന്നു കാണണം എന്നാഗ്രഹമുണ്ടെന്നും അതിനു ഞങ്ങളാൽ ആകുന്നതു ചെയ്യാൻ താല്പര്യമുണ്ടെന്നു അറിയിച്ചത്.

പത്തുമണിച്ചൂടില്‍ സമീപത്തെ പുരയിടത്തിലെ റബര്‍മരത്തണലില്‍ നുരഞ്ഞുപതഞ്ഞ തമാശയുടെ  ആവര്‍ത്തനമായിരുന്നു പ്രധാനഅധ്യാപകനില്‍  നിന്നുണ്ടായ  ആവശ്യവും. "ഇവിടെ ഇപ്പോള്‍ആവശ്യം കുറച്ചുകുട്ടികളെയാണ് , മറ്റെല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട് . ഇനി അഥവാ അങ്ങനെ എന്തെങ്കിലും കുറവുണ്ടെങ്കില്‍ തന്നെ അത് ചൂണ്ടിക്കാണിച്ചാല്‍  പരിഹരിക്കാവുന്നതെ യുള്ളൂ ".
കൂട്ടത്തില്‍  കുട്ടിയുള്ള ആള്‍ ഞാന്‍മാത്രവും ആ കുട്ടിക്കാണേല്‍ എഴുതാനോ വായിക്കാനോ അക്ഷരം തിരിച്ചറിയാനോ ഉള്ള അവകാശം പതിച്ചു കിട്ടാത്തയാളും ആയതിനാല്‍ എന്‍റെ സംഘത്തിനു സര്‍ക്കാര്‍സ്കൂളിലേക്ക് കുട്ടികളെ അയക്കാന്‍ തയ്യാറാകാത്ത നിലവിലെ കാലഘട്ടത്തിന്‍റെ മനസില്ലായ്മയെകുറിച്ച് വാചാലരാകാന്‍ തെല്ലും ബുദ്ധിമുട്ട്  ഉണ്ടായില്ല.

വായിച്ചും  അറിഞ്ഞും  മനസ്സിലാക്കിയും  ശരിയെന്നുറപ്പിച്ച സിദ്ധാന്തം - നമ്മള്‍ ആഗ്രഹിക്കുന്ന മാറ്റത്തിന്  ആദ്യം  നമ്മള്‍ മാറുകയെന്നും , നല്ല രീതികള്‍ നടപ്പിലാകാന്‍  സ്വയം മാതൃകയാകണമെന്നുമുള്ള ശരിയായ സിദ്ധാന്തം അവിടെ നടന്ന വര്‍ത്തമാനത്തിനിടയിലേക്ക് തിരുകി വെയ്ക്കുമ്പോള്‍ മനസ്സില്‍ തേടിയത്  സ്വയം മാതൃകയാകാനുള്ള കരുത്താണ് .

ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ പലതും, മേല്‍പ്പറഞ്ഞ കരുത്തില്ലായ്മയില്‍ നടപ്പിലാക്കാനാകാതെ വരുകയും വൈകി, ആ തീരുമാനം നടപ്പിലാകേണ്ടിയിരുന്നതിന്‍റെ  അനിവാര്യത ബോധ്യപ്പെടുമ്പോള്‍ മനസ്സില്‍ നിറയുന്ന നിരാശ , അത് അറിഞ്ഞു മടുത്തിരിക്കുന്നു.

കാശ്, പുസ്തകം ,ഭക്ഷണം , കുട , പുസ്തകസഞ്ചി ഇവയ്ക്കെല്ലാമപ്പുറം , മറ്റൊന്നിനുമാകാത്തതിനാല്‍ ഇവിടെയെത്തപ്പെട്ട , ഒരു രക്ഷാകര്‍ത്തൃയോഗം വിളിച്ചാല്‍ സ്വബോധത്തില്‍ പങ്കെടുക്കാന്‍ കൂടി കഴിവുകെട്ട രക്ഷിതാക്കളുള്ള  നൂറ്റിയിരുപതോളം മാത്രം വരുന്ന കുട്ടികളുടെ അഭിമാനത്തിനും  അന്തസ്സിനും ഒരു കൈത്താങ്ങായിരിക്കണം ഈ ശ്രേഷ്ഠഭാഷ പതിച്ചു കിട്ടിയ ദിനത്തില്‍ വന്നു ഭവിച്ച  ഉദ്യമത്തിന്‍റെ  ഉല്‍പ്പന്നമെന്ന് നിശ്ചയമുണ്ട്.


ഹരിത.വി. കുമാര്‍
കെട്ടുകാഴ്ച്ചകളില്‍  ദുഖവും, പി ന്നെ സഹതാപവും പരിഹാസവുമൊക്കെയായ  വികാരങ്ങള്‍ പൂശി ഈ ലോകത്തില്‍ നിന്നുതന്നെ ഒളിച്ചു മാറി കഴിയുന്നതാണ് ഭേദമെന്ന തോന്നലിന്‍റെ ഭീകരതയില്‍, അതിന്‍റെ  ഇരുള്‍ മൂടിയ ഭാഗിക അന്ധകാരത്തിന്‍റെ അസ്വസ്ഥതയില്‍  സംഭവിച്ച  ശുദ്ധമായ വെളിച്ചമായിരുന്നു  ഹരിത വി കുമാര്‍.

അനുകരണത്തിന്‍റെ മടുപ്പിക്കുന്ന കെട്ടുപാടുകള്‍ ക്കിടയില്‍  സ്വയം വരിഞ്ഞുമുറുകി യിരുന്ന മലയാളിക്ക് ആത്മവിശ്വാസത്തിന്‍റെ ഒരു നെടുവീര്‍പ്പുകൂടി  ആയിരുന്നിരിക്കണം  ഹരിത വി കുമാര്‍.

:-മേയ് മാസം 23 ന് ചന്തവിള ഓണ്‍ലൈന്‍ ഫെസ്ബൂക്ക് ഗ്രൂപ്പ് പ്രതിനിധിയായി , ചന്തവിള യു പി  എസ് ഹെഡ് മാസ്റ്ററുമായി കൂടിക്കാഴ്ച   നടത്തി . വിദ്യാര്‍ഥികളുടെ കുറവ്, അവര്‍ക്ക് നല്കാന്‍ കഴിയുന്ന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഫെസ്ബുക്ക് കൂട്ടായ്മയുടെ താല്പര്യങ്ങള്‍ ഹെഡ് മാസ്റ്ററെ അറിയിച്ചു.